Monday, March 23, 2020

ബദൽ ആണത്തത്തിൻറെ പൊയ്മുഖങ്ങൾ

അനൂപ് ചന്ദ്രൻ



ഞാനൊരു വാനാബീ ഫെമിനിസ്റ്റാണെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. സ്ത്രീപക്ഷ സിനിമകൾ എന്ന ഐഡിയയിൽ സ്ത്രീവിരുദ്ധ സിനിമകൾ എടുക്കാറുണ്ട്.

കഴിഞ്ഞ വർഷം ഏപ്രിലിൽ, തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ വിമൻ ഇൻ സിനിമ കളക്ടീവിൻറെ രണ്ടാം വാർഷികത്തിൽ സംസാരിച്ചു തുടങ്ങിയത് ഇങ്ങനെയാണ്. ഒരുപക്ഷെ സ്ത്രീവാദത്തിൻറെ (FEMINISM) ചരിത്രത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട രണ്ട് ചോദ്യങ്ങളാണ് ശ്യാമിൻറെ ഈ പ്രസ്താവനയ്ക്കൊപ്പം വീണ്ടും ചോദിക്കേണ്ടത്.

        1. ഒരു പുരുഷന് സ്ത്രീവാദിയാകാൻ കഴിയുമോ?

        2. ഒരു സ്ത്രീവാദ സിനിമയിൽ പുരുഷൻറെ സാധ്യത എത്രത്തോളമുണ്ട്?

പുരുഷന് ഫെമിനിസ്റ്റ് ആകാൻ കഴിയില്ലെന്ന വാദം ഒന്നാം തലമുറ സ്ത്രീവാദത്തിൽ (FIRST WAVE FEMINISM) തന്നെ ഉയർന്നുവന്നിരുന്നു. രണ്ടാം തലമുറ സ്ത്രീവാദത്തിന് അടിത്തറയിട്ട ഫ്രഞ്ച് ചിന്തക സിമോൻ ദി ബൂവെർ, ഫെമിനിസത്തിൻറെ ബൈബിൾ എന്നറിയപ്പെടുന്ന അവരുടെ സെക്കൻഡ് സെക്സ് എന്ന പുസ്തകത്തിൽ പറയുന്നത് ആൺ-പെൺ ദ്വന്ദങ്ങളിൽ അടിയുറച്ച ഭേദഭാവങ്ങളെ മറികടക്കാത്തിടത്തോളം കാലം ഒരു പുരുഷന് സ്ത്രീവാദിയാകാൻ കഴിയില്ലെന്നാണ്. എന്നാൽ മൂന്നാം തലമുറയും നാലാം തലമുറയും കടന്ന് ഫെമിനിസം ഉത്തരസ്ത്രീവാദത്തിലേക്ക് (POST FEMINISM) കടന്നപ്പോൾ പുരുഷന് സ്ത്രീവാദത്തിന് ഒപ്പം നടക്കാനുള്ള ഇടം ലഭിച്ചു. പുരുഷാധിപത്യസമൂഹത്തിൽ സ്ത്രീകളും ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളും അനുഭവിക്കുന്ന പ്രതിസന്ധികളെ തിരിച്ചറിയുക, അവ ഇല്ലാതാക്കാനുള്ള പോരാട്ടത്തിൻറെ ഭാഗമാകുക, പുരുഷനായിരിക്കുന്നതിൻറെ പ്രിവിലേജുകൾ (വിശേഷാധികാരങ്ങൾ) ഉപേക്ഷിക്കുക, ലിംഗപരമായ അധികാരപ്രയോഗം നടത്താതിരിക്കുക എന്നിങ്ങനെ ചില ഉത്തരവാദിത്തങ്ങൾ സ്ത്രീവാദത്തിനോട് തോൾ കൊടുത്തു നടക്കാൻ തയ്യാറാകുന്ന പുരുഷൻമാർക്കുണ്ട്. അതോടൊപ്പം പുരുഷാധിപത്യ പ്രവണതകളുടെ സുഖവും അധികാരവും അനുഭവിക്കുന്ന പുരുഷൻമാരുടെ മറുപുറത്ത് ഒരു ബദൽ പുരുഷൻ ഉണ്ടാകാണ്ടേതിൻറെ ആവശ്യകതയും ഉത്തരസ്ത്രീവാദം ചർച്ച ചെയ്തിട്ടുണ്ട്. സിനിമ അടക്കമുള്ള കലാ-സാഹിത്യ രൂപങ്ങളിലും ഇത്തരമൊരു ബദൽ പുരുഷനെ നിർമ്മിക്കാനുള്ള ബോധപൂർവമായ ശ്രമം, സ്ത്രീപക്ഷ എഴുത്തുകൾക്കിടയിലും ഉണ്ടായി വന്നു. 1960-കളുടെ അവസാനത്തോടെ തുടങ്ങിയ ഈ പ്രവണത പക്ഷെ കേരളത്തിലെത്തിയിട്ട് അധികമായിട്ടില്ല. മുഖ്യധാരാ സിനിമകളിലെത്താൻ പിന്നെയും വൈകി. അതുകൊണ്ടു തന്നെയാണ് കഴിഞ്ഞ വർഷം ഇറങ്ങിയ രണ്ട് സിനിമകൾ സ്ത്രീപക്ഷ/സ്ത്രീവാദാനുകൂല സിനിമകളായി വാഴ്ത്തപ്പെട്ടത്. ശ്യാം പുഷ്കരൻ എഴുതി മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സും രതീഷ് രവിയുടെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത ഇഷ്ക്കും. കുമ്പളങ്ങി നൈറ്റ്സിൽ ബദൽ പുരുഷൻമാരെയും അവരുൾപ്പെട്ട ബദൽ കുടുംബഘടനയെയും അവതരിപ്പിക്കുമ്പോൾ ഇഷ്ക്കിൽ ബദൽ പുരുഷസാധ്യതകളെ ഇഴ കീറി വിമർശിക്കുകയാണ്. എന്നാൽ ഈ സിനിമകൾ അവതരിപ്പിക്കുന്ന ബദൽ പുരുഷ സങ്കൽപ്പങ്ങൾ എത്രത്തോളം സ്ത്രീവാദാനുകൂലം (PRO-FEMINIST)  ആണ്?

മുഖ്യധാരാ സിനിമയിലെ ബദൽ പുരുഷൻ


സിനിമയുടെ ചരിത്രം പുരുഷാധിപത്യത്തിൻറെയും എതിർലിംഗ ലൈംഗികതാതാത്പര്യത്തിൻറെയും (HETERONORMATIVITY)  ഭാരം പേറുന്നതാണ്. 1896-ൽ ആലീസ് ഗൈ എന്ന ഫ്രഞ്ച് സംവിധായിക, ഒരു വനിതയുടെ ആദ്യത്തെ സിനിമ ചെയ്തു. അതായത്, ലൂമിയർ സഹോദരൻമാരുടെ സിനിമയുടെ ആദ്യ പ്രദർശനം നടന്നതിൻറെ തൊട്ടടുത്ത വർഷം. 1919ൽ ഹോളിവുഡിൽ അരങ്ങേറിയ ഡൊറോത്തി ആർസ്നെർ 1943 വരെ നീണ്ട കരിയറിൽ ചെയ്തതെല്ലാം ഒന്നാം തരം സ്ത്രീപക്ഷ  സിനിമകൾ. ആർസ്നെർ സിനിമ അവസാനിപ്പിക്കുമ്പോഴും സിമോൻ ദി ബൂവെർ സെക്കൻഡ് സെക്സ് എഴുതി പൂർത്തി യാക്കിയിരുന്നില്ല. എന്നിട്ടും സിനിമ പുരുഷൻമാരുടെ കുത്തകയായി മാറി. വിപണിയുടെയും വിശ്വാസത്തിൻറെയും സാമൂഹിക സദാചാര ത്തിൻറെയും ചതുരബന്ധത്തിനകത്തായിരുന്നു സിനിമ വളർന്നത്. പ്രഖ്യാപിത സ്വവർഗാനുരാഗിയായിട്ടു കൂടി ഡൊറോത്തി ആർസ്നെർ തൻറെ സിനിമകളിലൊക്കെ ഹെറ്ററോ പ്രണയങ്ങളെക്കുറിച്ച് മാത്രം പറഞ്ഞതും അതുകൊണ്ടാണ്.
എന്നാൽ സ്ത്രീവാദത്തിൻറെ വളർച്ചയും വികാസവും പതിയെയെങ്കിലും സിനിമയിലും പ്രതിഫലിച്ചു തുടങ്ങി. നാലാം തലമുറ ഫെമിനിസവും കടന്ന് സ്ത്രീവാദം ഇൻർസെക്ഷണാലിറ്റിയിലേക്ക് വിശാലമായതോടെ ഹോളിവുഡ് മുഖ്യധാരാസിനിമകളിൽ പോലും മാറ്റം കണ്ടു തുടങ്ങി. പുരുഷമേധാവിത്വത്തിൻറെ സ്ഥിരം ബിംബങ്ങളായ അക്രമകാരിയായ, പുരുഷനെ കുറിച്ച് മാത്രം സിനിമയെടുത്തിരുന്ന മാർട്ടിൻ സ്കോർസെസി പോലും 1974ൽ ഒരു സ്ത്രീയെ കേന്ദ്രകഥാപാത്രമാക്കി- ആലീസ് ഡസിൻറ് ലിവ് ഹിയർ എനിമോർ (ALICE DOESN’T LIVE HERE ANYMORE). സ്വന്തം നിലനിൽപ്പിനും അസ്തിത്വത്തിനും വേണ്ടി ആലീസ് എന്ന വിധവ തൻറെ മകനോടൊപ്പം നടത്തുന്ന യാത്രയാണ് സ്കോർസെസി പറയുന്നത്. വാഹനാപകടത്തിൽ ഭർത്താവ് മരിച്ചതോടെ ഉള്ളതെല്ലാം വിറ്റുപെറുക്കി വടക്കൻ നാട്ടിലേക്ക് യാത്ര തിരിക്കുന്ന ആലീസിന് രണ്ട് ലക്ഷ്യങ്ങളുണ്ട്. അവർ ജനിച്ചുവളർന്ന നാട്ടിൽ ചെന്ന് സ്വസ്ഥമായി ജീവിക്കണം, വിവാഹത്തോടെ വിട്ടുകളഞ്ഞ സംഗീതം പൊടിതട്ടിയെടുത്ത് ഒരു ഗായികയായി പേരെടുക്കണം. ആലീസിൻറെ ജീവിതത്തിൽ മൂന്ന് പുരുഷൻമാരുണ്ട്. ഭർത്താവ് ഡൊണാൾഡ് അവളുടെ മേലുള്ള അധികാരം ആസ്വദിക്കുന്നയാളായിരുന്നു. യാത്രക്കിടയിൽ കണ്ടുമുട്ടുന്ന ബെൻ എന്ന യോഗ്യനായ, മാന്യനായ മനുഷ്യനോട് ആലീസിന് തോന്നുന്ന അടുപ്പം വളരെ വേഗത്തിൽ ശാരീരിക ബന്ധത്തിലെത്തിച്ചേരുന്നെങ്കിലും വൈകാതെ അയാളുടെ ക്രോധവും അക്രമോത്സുകതയും ആലീസ് നേരിട്ട് കാണുന്നു. യാത്ര തുടരുന്ന ആലീസിന് കൈയിലെ പണം തീർന്നതുകൊണ്ട് ഒരു ഭക്ഷണശാലയിൽ ജോലിയെടുക്കേണ്ടി വരുന്നു. അവിടെവെച്ച് പരിചയപ്പെടുന്ന ഡേവിഡ് മുൻപ് കണ്ടവരിൽ നിന്ന് വ്യത്യസ്തനാണെങ്കിലും രണ്ട് അനുഭവങ്ങളുണ്ടാക്കിയ ഭയാവേഗം അവളെ പിന്തിരിപ്പിക്കും. എന്നാൽ അവളുടെ മകൻ ടോമിക്ക് ഡേവിഡിനോടുള്ള അടുപ്പം കാര്യങ്ങൾ മാറ്റിമറിക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.
മാർട്ടിൻ സ്കോർസെസി പിന്നെയും തൻറെ സ്ഥിരം പുരുഷാഖ്യാനങ്ങളിലേക്ക് പോയെങ്കിലും ആലീസിലെ ഡേവിഡ് ഹോളിവുഡ് സിനിമയിൽ ഒരു പുതിയ വാർപ്പുമാതൃക തീർത്തിരുന്നു. ഒരു പക്ഷെ മുഖ്യധാരാസിനിമയിലെ ആദ്യത്തെ ബദൽ പുരുഷ നായകൻ. 1978-ൽ ദ ന്യൂയോർക്ക് ടൈംസിൽ പോൾ സ്റ്റാർ എന്ന സാമൂഹ്യചിന്തകൻ എഴുതിയ ലേഖനത്തിൽ ഹോളിവുഡിലെ ഈ മാറ്റത്തെപ്പറ്റി പറയുന്നുണ്ട്. (ഹോളിവുഡ്സ് ന്യൂ ഐഡിയൽ ഓഫ് മാസ്കുലിനിറ്റി, 16 ജൂലൈ 1978). പോൾ സ്റ്റാറിൻറെ ലേഖനത്തിലും പിന്നീട് വന്ന പഠനങ്ങളിലും കണ്ടെത്തിയ ഒരു കാര്യം സിനിമയിലെ ബദൽ പുരുഷ പാത്രത്തെ എങ്ങനെ വേർതിരിച്ച് നിർത്തും എന്നതായിരുന്നു. സ്കോർസെസി അതിനുപയോഗിച്ചത് ലളിതമായ ഒരു കാര്യമാണ്. പുരുഷാധിപത്യ പ്രവണതകളുള്ള കഥാപാത്രങ്ങൾക്കൊപ്പം ബദലിനെ അവതരിപ്പിക്കുക. ഡൊണാൾഡ് അധികാരതത്പരനായ ഒരു ഭർത്താവ് (DOMINANT HUSBAND) ആകുന്നതും ബെന്നിൽ വിഷലിപ്തമായ പുരുഷത്വം (TOXIC MASCULINITY) ഒളിഞ്ഞിരിക്കുന്നതും ഡേവിഡിൻറെ ബദൽ പുരുഷസ്വത്വത്തെ നിർമിച്ചെടുക്കുന്നത് അങ്ങനെയാണ്..
പിന്നീടിങ്ങോട്ട് സ്ത്രീപക്ഷ സിനിമകളിലെ പുരുഷൻമാരിൽ ബദൽ സാധ്യതകളിടാൻ പരക്കെ ഈ മാർഗം ഉപയോഗിച്ചു തുടങ്ങി. ചുരുക്കത്തിൽ സിനിമയിലെ ബദൽ പുരുഷനെ നിർമിക്കുന്നതു തന്നെ പുരുഷാധിപത്യ, ആക്രമണോത്സുക കഥാസന്ദർഭങ്ങളുടെ അടിത്തറയ്ക്കു മേലാകും.

കുമ്പളങ്ങിയിലെയും ഇഷ്കിലെയും പുരുഷൻമാർ

കുമ്പളങ്ങി നൈറ്റ്സ് ബദൽ കുടുംബത്തെക്കുറിച്ചാണ് പറയുന്നത്. അർദ്ധസഹോദരൻമാരായ നാല് ആണുങ്ങൾ മാത്രമുള്ള ഒരു വീടും ഒരമ്മയും രണ്ട് പെൺമക്കളും മാത്രമുള്ള മറ്റൊരു വീടും. ഒരിടത്ത് സ്ത്രീയും മറ്റൊരിടത്ത് പുരുഷനും ശൂന്യതയുണ്ടാക്കുന്നുണ്ട്. എന്നാൽ സിനിമയുടെ തുടക്കത്തിൽ തന്നെ മൂന്നു പെണ്ണുങ്ങൾ മാത്രമുള്ള വീട്ടിലേക്ക് ഷമ്മിയെന്ന (ഫഹദ് ഫാസിൽ) കംപ്ലീറ്റ് മാൻവന്നു ചേരുന്നു. വേഗത്തിൽ അയാൾ വീടിൻറെ അധികാരകേന്ദ്രത്തിലേക്ക് കസേര വലിച്ചിട്ടിരിക്കുന്നു. മറുവശത്ത് ആണുങ്ങൾ മാത്രമുള്ള വീട്ടിലേക്ക് രണ്ട് പെണ്ണുങ്ങളെത്തുന്നത് ഒരുപാട് നാടകീയതകൾക്ക് ശേഷമാണ്. അതും വ്യവസ്ഥാപിത കുടുംബങ്ങളുടെ സദാചാരമൂല്യങ്ങളെ അട്ടിമറിക്കുന്ന രണ്ട് കടന്നുവരവുകൾ. ഒന്ന് ബദലും മറ്റൊന്ന് പുരുഷാധികാരത്തിൻറെ ദുരന്തം പേറുന്നതുമാണെന്ന് കുമ്പളങ്ങി പറഞ്ഞുവെയ്ക്കുമ്പോൾ അതിൽ ഉള്ളടക്കം ചെയ്ത മറ്റു ചില സമവാക്യങ്ങൾ കൂടിയുണ്ട്. ഒന്ന്, കുടുംബമെന്നത് ആൺ-പെൺ ദ്വന്ദങ്ങളിൽ മാത്രം പൂർണ മാകുന്നതാണെന്ന പുരുഷകേന്ദ്രീകൃത നിലപാടിലേക്ക് സിനിമ എത്തിച്ചേരുന്നു. മറ്റൊന്ന് പുരുഷാധിപത്യ കുടുംബവ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നതിനിടെ അവഗണിച്ചു കളയുന്ന വംശീയതാരാഷ്ട്രീയമാണ്. അതിനൊക്കെ പുറമെ, ഷമ്മിയുടെ വിഷലിപ്ത ആണത്തത്തിന് ബദലായി വയ്ക്കുന്ന ബോബിയുടെയും (ഷെയ്ൻ നിഗം) സജിയുടെയും (സൌബിൻ ഷാഹിർ) ആണത്തങ്ങളിൽ ഉള്ളുറഞ്ഞിരിക്കുന്ന പുരുഷാധിപത്യ പ്രവണതകളും.
ബദൽ പുരുഷനെ നിർവചിക്കുന്നതിൽ കുറേക്കൂടി വിമർശന ബുദ്ധി ഇഷ്ക്കിൻറെ ചലച്ചിത്രകാരൻ കാണിക്കുന്നുണ്ട്. ആൽവിൻറെ (ഷൈൻ ടോം ചാക്കോ) വിഷലിപ്ത ആണത്തത്തിന് ബദലാകുമെന്ന് തോന്നാവുന്ന സച്ചിയിലെ (ഷെയ്ൻ നിഗം) ആക്രമണകാരിയായ, ടോക്സിക്കായ ആണിനെ വസുധ (ആൻ ശീതൾ) നമുക്ക് ഒരു നടുവിരലു ചൂണ്ടി കാണിച്ചു തരുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. പക്ഷെ അതുവരെ സച്ചിയെ ഒരു ബദലായി കൊണ്ടു നടക്കാൻ ഉപയോഗിച്ചതൊക്കെ ആണധികാരത്തിൻറെ കുറുക്കു വഴികളായിരുന്നു. ഇഷ്ക്കിലും ഒരു ബദൽ കുടുംബമുണ്ട്. അമ്മ (മാല പാർവതി) വീട് ഭരിക്കുന്ന സച്ചിയുടെ കുടുംബം. കുടുംബനാഥനില്ലാത്തതിൻറെ സ്വാതന്ത്രം ആ വീട്ടിലുണ്ടെന്ന് ആദ്യം തന്നെ സിനിമ കാണിച്ചു തരുന്നുണ്ട്. അവിടെ സച്ചി ഒരു പാവം കുട്ടിയാണ്. അവിടെ അധികാരമല്ല, സ്വാതന്ത്ര്യമാണ് വാഴുന്നതെന്ന് സിനിമ കാണിക്കുന്നുണ്ട്. പക്ഷെ ഇടക്കിടെ നിഴലിച്ചു വരുന്ന സച്ചിയുടെ ആണധികാര പ്രവണതകളെ കണ്ടില്ലെന്ന് നടിച്ചിടത്താണ് ഇഷ്ക്കിന് പാളുന്നത്.
കുമ്പളങ്ങിയിൽ ഷമ്മിയെ നമുക്ക് മറ നീക്കി കാണിച്ചു തരുന്നുണ്ട്. ഇഷ്ക്കിൽ ആൽവിനെയും. എന്നാൽ ബോബിയെയോ സജിയെയോ അങ്ങനെ തുറന്നുവെക്കുന്നില്ല. ഇടക്കിടെ ചില സൂചനകൾ തരുന്നെന്ന് മാത്രം. ഇഷ്ക് എന്ന സിനിമ അവസാനം സച്ചിയെ കീറിമുറിച്ച് ഉള്ള് കാണിച്ചു തരുമ്പോഴും സച്ചിയുടെ നെടുനായകത്വമാണ് സിനിമയുടെ ഉടൽ എന്നതാണ് വസ്തുത. രണ്ടാം പകുതിയിൽ ആഘോഷിക്കുന്ന സച്ചിയുടെ പകവീട്ടൽ ഒരു ടോക്സിക്ക് പുരുഷൻറെ അക്രമമായി സിനിമയിലെവിടെയും തോന്നിപ്പിക്കുന്നില്ല. മറിച്ച് കാമുകിയുടെ വിശുദ്ധിയിലുന്നയിച്ച സംശയം മാത്രമാണ് സച്ചിയെ സിനിമക്ക് അനഭിമതനാക്കുന്നത്.

ഷമ്മിയും ബോബിയും
ഷമ്മി കംപ്ലീറ്റ് മാൻ എന്ന് അഹങ്കരിക്കുന്നയാളാണ്. ബോബിയോ, അവൻ സുഹൃത്തിൻറെ നിറത്തെയും സൌന്ദര്യത്തെയും പരിഹസിക്കുന്നവനാണ്. ഷമ്മി ആ മൂന്ന് പാവം പിടിച്ച സ്ത്രീകളുടെ കുടുംബത്തിൻറെ നാഥനാണ് താനെന്ന് പ്രഖ്യാപിച്ച് അധികാരമേറ്റെടുത്തയാളാണ്. ബോബി ഒരു ചായ കുടിക്കാൻ ചായക്കട തുടങ്ങേണ്ട കാര്യമില്ലെന്ന്സുഹൃത്തിനെ ഉപദേശിക്കുന്നയാളാണ്. ഷമ്മി ബോണിയുടെയും നൈലയുടെയും (ജാസ്മിൻ മെറ്റീവിയർ) രതിമുറിയിലേക്ക് സദാചാരനോട്ടമെറിയുമ്പോൾ ബോബി സഹോദരൻമാരെ കുടുംബത്തിലുണ്ടാകേണ്ട സദാചാര സംസ്കാരത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കുന്നുണ്ട്. ഷമ്മി ബോബിയുടെ വീടിരിക്കുന്ന തീട്ടപ്പറമ്പിനെ കുറിച്ച് വേവലാതിപ്പെടുമ്പോൾ ബോബി സുഹൃത്ത് പ്രശാന്തിൻറെ (സൂരജ് പോപ്സ്) വീട്ടിലേക്ക് ഒരിക്കൽ പോലും പോയിട്ടില്ല, അയാൾക്ക് ഒരു വിലയും കൊടുത്തിട്ടില്ല. ഷമ്മിയും ബോബിയും ആ അർത്ഥത്തിൽ ഒരേ ജനുസിലാണ്. ഒരാൾ തെളിഞ്ഞും മറ്റൊരാൾ ഒളിഞ്ഞും ഒത്ത പുരുഷനായിരിക്കുന്നു. എന്നാൽ ബോബിയെ ബദലാക്കാനുള്ള ഒളിച്ചുകളിയാണ് സിനിമ നടത്തുന്നത്.
സജിയാണ് ബദലെന്ന് വാദിച്ചാൽ തന്നെ, തമിഴനെ ഓസി ജീവിക്കുന്ന, മരിച്ചതിന് ശേഷം മാത്രം അയാളുടെ മനസ്സ് തിരിച്ചറിയുന്ന, അയാളുടെ ഉള്ളിലെ വംശീയാധിക്ഷേപത്തെ എവിടെ മറയ്ക്കും. മാത്രമല്ല, സഹോദരൻമാർ ചേട്ടൻറെ അധികാരസ്ഥാനം തനിക്ക് തരുന്നില്ലെന്നതാണ് അയാളുടെ പ്രശ്നമെന്ന് സിനിമ തന്നെ പറയുന്നുണ്ട്. ബോബിയെ ചേട്ടായെന്ന് വിളിപ്പിച്ച് മുതലെടുക്കുന്നത് അതുകൊണ്ടാണ്.

സച്ചിയും ആൽവിനും
ആൽവിനെ നോക്കൂ. അയാൾ സദാചാര ഗുണ്ടായിസം കാണിക്കുന്നയാളാണ്. സ്ത്രീകളെ ലൈംഗിക താത്പര്യത്തോടെ കുടുക്കാൻ ശ്രമിക്കുന്നയാളാണ്. മറ്റുള്ളവരുടെ നിസ്സഹായത മുതലെടുത്ത് പണം തട്ടുന്നയാളാണ്. തൻറെ ഈ അധോതലത്തെ കുറിച്ച് കടുകിട പോലും സംശയം കൊടുക്കാതെ ഭാര്യയെയും മകളെയും നോക്കുന്നവനാണ്. ഒരു പാട്രിയാർക്കി കുബുദ്ധിയുടെ എല്ലാ സാധ്യതകളും ഉപയോഗിക്കുന്ന ഒരാൾ. അയാളുടെ മുന്നിൽ പെട്ട് നിസ്സഹായനായ സച്ചി സത്യത്തിൽ പുരുഷാധിപത്യത്തിൻറെ തന്നെ ഇരയാണ്. പുരുഷാ ധിപത്യത്തിൻറെ ഇരയാകുന്ന ഒരാൾ ബദൽ പുരുഷനാകുമെന്ന കുയുക്തിയാണ് ഇവിടെ സിനിമയെ വളർത്തിക്കൊണ്ടു പോകുന്നത്. വസുധയെ കോഫി ഷോപ്പിൽ വെച്ച് നോക്കുന്ന പയ്യൻമാരെ ഭീഷണിപ്പെടുത്തുന്ന സച്ചിയെ കണ്ടിട്ടും ആൽവിൻറെ ക്രൂരവിനോദത്തിന് അവനും വസുധയും ഇരയാകുമ്പോൾ നമുക്ക് സച്ചിയെ തിരിച്ചറിയാൻ കഴിയാതെ പോകണമെന്നത് സിനിമയുടെ ആവശ്യം തന്നെയാണ്. എങ്കിലേ രണ്ടാം പകുതിയിലെ സച്ചിയുടെ പകവീട്ടലിന് നായകന് കിട്ടേണ്ട എംപതി കിട്ടൂ. അതുകൂടിയുണ്ടെങ്കിലേ വസുധയുടെ അവസാനത്തെ തീർപ്പിൻറെ ഞെട്ടൽ കാണുന്നവന് കിട്ടൂ. എന്നാൽ ആൽവിൻ ചെയ്തത്തിൻറെ ശരിക്കുള്ള ഇര സച്ചിയല്ല, വസുധയാണെന്ന് വായിച്ചെടുക്കുകയും സച്ചി ചെയ്തതിൻറെ ഇര ആൽവിനല്ല, അയാളുടെ ഭാര്യ മരിയയും (ലിയോണ ലിഷോയ്) മകളുമാണെന്നും തിരിച്ചറിയുകയും ചെയ്യുമ്പോഴാണ് സച്ചിയുടെ പുരുഷാധിപത്യ പ്രവണതയെ സിനിമ എത്രത്തോളം കുറച്ചു കണ്ടുവെന്ന് മനസിലാകുക. വസുധയുടെ നടുവിരൽ ചോദ്യം ചെയ്തത് സച്ചി അവളുടെ വിശുദ്ധിയിൽ സംശയമുന്നയിച്ചതിനെ മാത്രമാണ്. സച്ചിയുടെ മറ്റെല്ലാ ചെയ്തികളും നാടകീയമുഹൂർത്തങ്ങളായി സിനിമ ആഘോഷിക്കുന്നു.

നിസഹായരായ സ്ത്രീകൾ
കുമ്പളങ്ങി നൈറ്റ്സിലെ രണ്ട് സ്ത്രീകൾക്കൊഴികെ മറ്റെല്ലാവർക്കും ഒരിക്കലെങ്കിലും സ്വന്തം ശബ്ദം അടയാളപ്പെടുത്താനാകുന്നുണ്ട്. ബേബിയുടെ അമ്മയും (അംബികാ റാവു) മുരുഗൻറെ ഭാര്യ സതിയും (ഷീല രാജ്കുമാർ) മാത്രമാണ് നിശബ്ദരായി കടന്നു പോകുന്നത്. എന്നാൽ എവിടെയാണ് ഈ സ്ത്രീകളുടെ ശബ്ദം നമ്മൾ കേൾക്കുന്നത്. ഷമ്മിയെ ചോദ്യം ചെയ്യുന്ന ബേബി മോളെയും സിമിയെയും ഷമ്മി വില്ലനായതു കൊണ്ട് ആൺ കാഴ്ച്ചകൾക്ക് സഹിക്കാനാകും. പക്ഷെ ബേബിയുടെ ഉറച്ച ശബ്ദം ബോബിക്കു മുന്നിൽ കേൾക്കില്ല. സിമിയും ഒരിക്കലെ ഭർത്താവിനെ ചോദ്യം ചെയ്തിട്ടുള്ളൂ. നൈലയും ബോബിയുടെ അമ്മയുമൊക്കെ ഒരിക്കൽ മാത്രമേ അവരുടെ തീരുമാനം പറയുന്നുള്ളൂ. ചില പുരുഷൻമാരുടെ മുന്നിലെത്തുമ്പോൾ ചിലപ്പോഴെങ്കിലും നിഴൽ മാത്രമാകുന്ന ദുര്യോഗം കുമ്പളങ്ങിയിലില്ലാത്തത് പ്രശാന്തിൻറെ കാമുകിയും ബേബി മോളുടെ സുഹൃത്തുമായ സുമീഷയ്ക്ക് (റിയ സൈറ) മാത്രമാണ്.
ഇഷ്കിലും സ്ത്രീകൾ ഈ വിധത്തിൽ പലപ്പോഴും നിഴലിലാകുന്നുണ്ട്. വസുധ സിനിമയുടെ തുടക്കത്തിലും ഒടുക്കത്തിലുമൊഴികെ മറ്റെല്ലായ്പ്പോഴും നിസഹായയാണ്. മരിയയ്ക്കും സമാനമായ അവസ്ഥയാണുള്ളത്. സച്ചിയുടെ ചേച്ചി വിവാഹമുറപ്പിച്ചിട്ടു പോലും ഭാവിവരനൊപ്പം പുറത്തു പോകുന്ന കാര്യം അമ്മയോട് മറച്ചുവെക്കേണ്ടി വരുന്നത് അത്രയും സ്വതന്ത്രമായ ഒരു കുടുംബത്തിൽ മുഴച്ചു നിൽക്കുന്നു. അത്തരമൊരു പേടി മകളിലുണ്ടാക്കുന്ന അമ്മയും സമാനമാണ്.
ഒരു സ്ത്രീവാദ സിനിമയിൽ സ്ത്രീകൾക്ക് ഇത്രയധികം സംശയിച്ച് ശബ്ദം കൊടുക്കുന്നതിലാണ് രണ്ട് സിനിമകളുടെയും ഭീരുത്വം വെളിവാകുന്നത്. സ്വാഭാവികമായ വളർച്ച ഈ കഥാപാത്രങ്ങൾക്ക് ഉണ്ടാകുന്നുമില്ല. മാത്രമല്ല രണ്ട് സിനിമകളിലും നായികയുടെ ശരീരത്തിന് മേൽ വില്ലനെപ്പോലെ നായകനും കടന്നുകയറ്റം നടത്തുന്നുണ്ട്. കുമ്പളങ്ങിയിൽ ഷമ്മി ബേബിമോളെ ക്ലൈമാക്സിൽ ക്രൂരമായി മർദ്ദിച്ച് കട്ടിലിനടിയിൽ കെട്ടിയിടുന്നുണ്ട്. ഇഷ്ക്കിൽ വസുധയെ ആൽവിൻ കാറിനുള്ളിൽ ഒറ്റക്കാക്കി അടച്ചിടുന്നുണ്ട്. അവൾക്ക് നേരെ പീഡനശ്രമം ഉണ്ടാകുന്നുണ്ട്. അവളെ മാനസികമായി പീഡിപ്പിക്കുന്നുണ്ട്. അത് രണ്ട് വില്ലൻമാർ. ബേബി മോളെ തീയറ്ററിൽ വെച്ച് ബലമായി ചുംബിക്കാൻ ശ്രമിക്കുന്നതും വസുധയോട് കാറിൽ നടുറോഡിൽ വെച്ച് ചുംബനം ചോദിച്ചിട്ട് സമ്മതിക്കാത്തതു കൊണ്ട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വണ്ടി കൊണ്ടുപോകുന്നതും നിർബന്ധിച്ച് ഉമ്മ വാങ്ങുന്നതും ഈ സിനിമകളിലുണ്ട്. ഉഭയസമ്മതമില്ലാതെ ഉമ്മയാണെങ്കിലും അത് സ്ത്രീശരീരത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് രണ്ട് സിനിമകളും വിസ്മരിക്കുന്നു.

ചില അതിവായനകൾ








കുമ്പളങ്ങി നൈറ്റ്സിൻറെ തുടക്കത്തിൽ അങ്ങിങ്ങായും ക്ലൈമാക്സിൽ മൊത്തമായും അമൽ നീരദ് സംവിധാനം ചെയ്ത വരത്തൻ എന്ന ചിത്രത്തിൻറെ പാരഡിയാണ്. വരത്തനിൽ അച്ഛൻറെ അസാന്നിധ്യം മൂലം ഒരു സ്ത്രീക്ക് നഷ്ടപ്പെടുന്ന സുരക്ഷിതത്വബോധം ഭർത്താവ് ക്രൂരമായ വയലൻസിലൂടെ സ്ഥാപി ച്ചെടുക്കുന്നത് കാണിക്കുന്നുണ്ട്. സ്ത്രീവാദത്തിൻറെ രണ്ടാം തലമുറയിൽ തന്നെ വിമർശനമേറ്റുവാങ്ങിയ അച്ഛൻപദവിയുടെ (FATHER FIGURE) സംരക്ഷണാവകാശത്തെ ചിത്രം സ്ഥാപിച്ചെടുക്കാൻ ശ്രമിച്ചു. വരത്തനിലെ നായകനെ അതേ നടനെ വെച്ച് കുമ്പളങ്ങിയിൽ വില്ലനായി പുനരവതരിപ്പിച്ചാണ് ചിത്രം പാരഡി എഴുതിച്ചേർത്തത്. അച്ഛനില്ലാത്ത വീട്ടിലേക്ക് കടന്നുവന്ന് അച്ഛൻറെ സ്ഥാനം ഏറ്റെടുക്കുന്ന ഷമ്മി അച്ഛൻപദവിയുടെ ആണധികാര അവകാശങ്ങൾ നേടിയെടുക്കുന്നുണ്ട്. എന്നാൽ സിനിമ അവസാനിപ്പിക്കുന്നത് അത് ഷമ്മിയുടെ മനോരോഗമാണെന്ന തീർപ്പിലാണ്. പുരുഷാധിപത്യം മനോരോഗമല്ല, ഒരു അധിനിവേശ പ്രവണതയാണെന്ന തിരിച്ചറിവിലേക്ക് കുമ്പളങ്ങി നൈറ്റ്സ് എത്തുന്നില്ല.
പുരുഷാധിപത്യത്തെ വിലയിരുത്തുന്നതിൽ സമാനമായ, ഗുരുതരമായ ഒരു തെറ്റ് ഇഷ്ക്കിലും വരുത്തുന്നുണ്ട്. കാറിൽ വെച്ച് ആൽവിൻ വസുധയെ ബലാത്സംഗം ചെയ്തിരുന്നെങ്കിൽ സച്ചി അവളെ ഉപേക്ഷിച്ചു പോകുമായിരുന്നു എന്ന ബോധ്യമാണ് വസുധയുടെ എൻഡ് പഞ്ചിന് കാരണമായത്. എന്നാൽ സിനിമ സംശയമുയർത്തുന്നത് വസുധയുടെ ആ പ്രതികരണം എന്തുകൊണ്ട് അവസാനം വരെ നീണ്ടു എന്നതിലാണ്. അതിന് മുൻപ്, പ്രതികാരത്തിനായി സച്ചി മനസൊരുക്കുമ്പോൾ പലവട്ടം വസുധ അവനെ വിളിച്ചു നോക്കുന്നുണ്ട്. അന്ന് റേപ്പ് നടന്നില്ലെന്ന് തിരിച്ചറിഞ്ഞാണ് താൻ വന്നിരിക്കുന്നതെന്ന് സച്ചി തന്നെ അവസാനം വ്യക്തമാക്കുമ്പോഴാണ് വസുധ അവൻറെ ആൺബോധത്തിന് നേരെ നടുവിരലുയർത്തുന്നത്. അതായത് രാത്രിയിലെ സംഭവത്തിന് ശേഷം, വസുധയെ താമസസ്ഥലത്ത് കൊണ്ടിറക്കിയപ്പോൾ, അയാൾ നിന്നെ എന്താണ് ചെയ്തത് എന്ന സച്ചിയുടെ ചോദ്യവും വസുധക്ക് തിരിച്ചറിവ് നൽകിയിട്ടില്ലെന്ന് സിനിമ സ്ഥാപിക്കുന്നു.
ഇതിനൊക്കെ പുറമേ നടുവിരൽ ഉയർത്തിക്കാട്ടുന്നത് ഒരു വിഷലിപ്ത പൌരുഷ ചിഹ്നം (SIGN OF TOXIC MASCULINITY) ആണെന്നതും വസുധയുടെ തീർപ്പിൻറെ മാറ്റ് കുറക്കുന്നു. നടുവിരൽ ചിഹ്നത്തിന് ഫക്ക് യൂ എന്ന അർത്ഥമാണ് പൊതുവേ വിവക്ഷിക്കാറുള്ളതെങ്കിലും ഈ ചിഹ്നത്തിൻറെ ചരിത്രം കൂടി ഇവിടെ പരിശോധിക്കേണ്ടതാണ്. നടുവിരൽ ചിഹ്നം ഉപയോഗിച്ചു തുടങ്ങിയത് ഗ്രീസിലാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഗ്രീക്ക് കലാരൂപങ്ങളിലെ ചിഹ്നങ്ങളുടെ ഉൽപ്പത്തി അന്വേഷിച്ചു പോയ അമേരിക്കൻ കലാ-ചരിത്രകാരനായ ഡോ. ബേത്ത് കോഹൻ (NOT THE CLASSICAL IDEAL: ATHENS AND THE CONSTRUCTION OF THE OTHER IN GREEK ART, 2000) പറയുന്നത് അരിസ്റ്റോഫെനിസ് എന്ന പ്രാചീന ഗ്രീക്ക് നാടകകൃത്തിൻറെ ദ ക്ലൌഡ്സ് എന്ന നാടകത്തിൽ ഒരു ദുഃസൂചനയല്ലാതെ ഈ ചിഹ്നം ഉപയോഗിച്ചുണ്ടെന്നാണ്. നാടകത്തിലെ ഒരു കഥാപാത്രമായ സോക്രട്ടീസ് കവിതാവൃത്തങ്ങളെ കുറിച്ച് പഠിപ്പിക്കുന്നതിനിടെ ഒരു കുട്ടി ലഘുവും ഗുരുവും എന്താണെന്ന് വിശദീ കരിക്കുമ്പോഴാണ് ഗുരുവിന് പകരം ഉയർത്തിയ നടുവിരൽ കാണിച്ചു കൊടുക്കുന്നതെന്ന് കോഹൻ പറയുന്നു. ചിഹ്നത്തിന് പിന്നീട് അമേരിക്കയിലും യൂറോപ്പിലും ലഭിച്ച അർത്ഥവ്യത്യാസത്തെ കുറിച്ച് വിശദീകരിച്ചിട്ടുള്ളത് നരവംശശാസ്ത്രജ്ഞനായ ഡെസ്മണ്ട് മോറിസ് ആണ്. മോറിസ് പറയുന്നത്, ഗ്രീസിൽ നീണ്ടത് എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരുന്ന ഒരു ചിഹ്നം തെക്കുപടിഞ്ഞാറൻ യൂറോപ്പിലേക്കെത്തുമ്പോൾ ഒരു ലിംഗസൂചകം (PHALLIC) ആയി മാറിയെന്നാണ്. ഫക്ക് യൂ എന്ന ഇപ്പോഴുള്ള വിവക്ഷയ്ക്കപ്പുറം ഒരാളോട് ഗുദഭോഗം നടത്തൂവെന്ന് പറയുന്നതാണ് ഈ ചിഹ്നത്തിൻറെ ചരിത്രപരമായ അർത്ഥമെന്നും ഡെസ്മണ്ട് മോറിസ് പറയുന്നുണ്ട്. പ്രാചീന ഗ്രീക്ക് സംസ്കാരത്തിൽ (ബി.സി. അഞ്ചാം നൂറ്റാണ്ടിൽ) പ്രചാരത്തിലുണ്ടായിരുന്ന പെഡറാസ്റ്റി എന്ന പ്രണയാഭിരുചി ശീലത്തിലേക്ക് ഇതിനെ ചേർത്തുവെക്കാവുന്നതാണ്. ഗ്രീസിൽ പുരുഷൻമാർക്ക് ഭാര്യമാരെ കൂടാതെ ചെറുപ്പക്കാരനായ/കൌമാരക്കാരനായ ഒരു കാമുകൻ കൂടിയുണ്ടാകുന്ന രീതിയാണ് പെഡറാസ്റ്റി. പ്രാചീന ഗ്രീക്ക് സമൂഹത്തിൽ പുരുഷാന്തസിൻറെ ലക്ഷണമായി കണ്ടിരുന്ന പെഡറാസ്റ്റിയോടുള്ള പടിഞ്ഞാറൻ യൂറോപ്പിൻറെ സ്വവർഗാനുരാഗഭീതി (HOMOPHOBIA) നടുവിരൽ ചിഹ്നത്തിൽ അന്തഃസന്നിവേശം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് അത് ഒരു പുരുഷന് നേരെ കാണിക്കുമ്പോൾ. വസുധ സച്ചിയ്ക്ക് നേരെ അതുകാണിക്കുമ്പോഴുള്ള ചരിത്രസൂചികയായ അർത്ഥം സ്ത്രീവാദ മാതൃകകൾക്ക് ചേരുന്നതല്ല. ഹോമോഫോബിയയെക്കൂടി ചെറുക്കുന്നതാണ് ഉത്തരസ്ത്രീവാദമെന്നതും ഇവിടെ ഓർക്കേണ്ടതാണ്.

ശരിയായ ബദലുകൾ
ആണുലകത്തിൻറെ ആഘോഷമാകുന്ന മലയാള മുഖ്യധാരാസിനിമകളിൽ ബദലുകളുണ്ടാക്കാനുള്ള ആത്മാർത്ഥമായ ശ്രമങ്ങളാണ് കുമ്പളങ്ങി നൈറ്റ്സും ഇഷ്ക്കുമെന്നതിൽ സംശയമില്ല. എന്നാൽ ബദലുകളുണ്ടാക്കാനുള്ള ശ്രമത്തിനിടെ പുരുഷാധിപത്യ അധിനിവേശം ഉൾച്ചേർന്നു പോയെന്ന് മാത്രം. അപ്പോഴും രണ്ടു സിനിമകളിലും ചില ബദൽ സൂചനകളുണ്ട്. കുമ്പളങ്ങി നൈറ്റ്സിലെ ബോണിയും ഇഷ്ക്കിലെ മരിയയും അത്തരം രണ്ട് കഥാപാത്രങ്ങളാണ്. വീടിനു പുറത്തു നിൽക്കുമ്പോഴും വീട്ടിലെ അരാജക പ്രവണതകളെ നിയന്ത്രിക്കാൻ കഴിവുള്ള, ഒരു പെണ്ണിനോടുള്ള ഇഷ്ടം ഒട്ടും വഷളാക്കാതെ അറിയിക്കാനറിയുന്ന, സംസ്കാരത്തെ കുറിച്ച് പറയുന്നവന് സ്വന്തം രോമം പറിച്ചു കൊടുക്കുന്ന സംസാരിക്കാൻ കഴിയാഞ്ഞിട്ടും സിനിമ മുഴുവൻ തൻറെ ശബ്ദം നിറക്കുന്ന ബോണിയോളം ബദലല്ല, ബോബിയോ സജിയോ ആരും. മുരുഗനും സുമേഷയും ചെറിയ ചില ശ്രമങ്ങളുമാണ്. ഇഷ്ക്കിൽ അവസാന ഗാംഭീര്യത്തിനായി കാത്തുവെച്ച വസുധയുടെ പ്രതിരോധത്തേക്കാൾ മരിയയുടെ ശ്രമങ്ങളാണ് കുറേക്കൂടി വാർപ്പ് മാതൃകകളെ അട്ടിമറിക്കുന്നത്. സ്വന്തം ഭർത്താവിൻറെ ആണധികാര പ്രവണതകൾ തിരിച്ചറിയുന്നില്ലെങ്കിലും അയാളെ ആശ്രയിച്ചല്ല അവൾ നിലനിൽക്കുന്നതെന്ന് വ്യക്തമാണ്. സ്വന്തം തൊഴിലും സുരക്ഷിതത്വവും സ്വയം ഉറപ്പുവരുത്തുമ്പോഴും ഭർത്താവിൻറെ സുഹൃത്തെന്ന് പറഞ്ഞുവരുന്ന ആളെ ആട്ടിപ്പായിക്കാതെ വേണ്ട അകലത്തിൽ നിർത്താൻ മരിയയ്ക്ക് കഴിയുന്നുണ്ട്. സച്ചിയുടെ പ്രതികാര നാടകം കഴിയുമ്പോൾ അവനെ വാതിൽ തുറന്ന് പുറത്തേക്കയക്കുന്നതും കാലൊടിഞ്ഞ് എണീക്കാൻ കഴിയാതെ കിടക്കുന്ന ആൽവിനെ അവിടെത്തന്നെ ഉപേക്ഷിച്ച് മകളുമായി സ്വന്തം മുറിയിലേക്ക് പോകുകയും ചെയ്യുന്ന മരിയയുടെ ധൈര്യം വസുധ കാണിക്കുന്നില്ല.
ഇഷ്ക്കിൻറെയും കുമ്പളങ്ങി നൈറ്റ്സിൻറെയും പ്രത്യേകത മലയാള സിനിമ ഒരുകാലത്ത് ആഘോഷിച്ച ഒത്ത ആൺ (MACHO MAN) ബിംബങ്ങളെ തള്ളിക്കളയുന്നു എന്നതാണ്. കുമ്പളങ്ങി ഒരുപടികൂടി കടന്ന് അതിനെ പരിഹസിക്കുന്നുമുണ്ട്. അതിന് രണ്ട് സിനിമകളെയും ഒരു പരിധി വരെ സഹായിച്ചത് ഷെയ്ൻ നിഗം എന്ന നടൻറെ ശരീരഭാഷ കൂടിയാണ്. അവിടെയാണ് ബോബിയും സച്ചിയും സ്ത്രീവിരുദ്ധത കാണിക്കുമ്പോഴുണ്ടാകുന്ന അപകടം. പുരുഷമേധാവിത്വം കാണിക്കാൻ മാച്ചോ മാൻ ശരീരം തന്നെ വേണമെന്നില്ല എന്നത് ശരിയാണ്. പക്ഷെ ഷെയ്നിൻറെ ശരീരം ഒരു ചിഹ്നമായി രണ്ടു സിനിമകളും ഉപയോഗിക്കുന്നുണ്ട്. അതിൻറെ സ്തീവാദാനുകൂല സാധ്യത (PRO-FEMINIST) ഇടക്കു വെച്ച് ഉപേക്ഷിക്കുമ്പോഴുണ്ടാകുന്ന അപകടം നായകനെ നായകനായി കാണുന്ന നരേറ്റീവിൽ മുഴുകിപ്പോകുന്ന പ്രേക്ഷകരിൽ ഉണ്ടാക്കുന്ന സ്ത്രീവിരുദ്ധവായനയാണ്.
സ്വതന്ത്രയായ സ്ത്രീകൾ മാത്രമല്ല, ഒരു സ്ത്രീപക്ഷ സിനിമയുടെ ഘടകം. അതിൽ പുല്ലിംഗത്തിനപ്പുറത്തെ ലിംഗസാധ്യതകളെ പരിഗണിക്കുന്ന, ഏകമാനമായ അധികാരകേന്ദ്രീകരണത്തെ ചോദ്യം ചെയ്യുന്ന, സ്ത്രീകളെ കാഴ്ചവസ്തുവാക്കാതെ കഥാഗതിയിൽ ശബ്ദവും നിലപാടുമുള്ള കഥാപാത്രങ്ങളാക്കുന്ന, പുരുഷ ഈഗോയുള്ള കഥാപാത്രങ്ങളെ അങ്ങനെ പൊളിച്ചു കാണിച്ചും ബദൽ പുരുഷനെ രാഷ്ട്രീയ ശരിയിൽ അവതരിപ്പിച്ചും വേണം സ്ത്രീപക്ഷ സിനിമ ചെയ്യാൻ. ഇല്ലെങ്കിൽ ശ്യാം പുഷ്കരൻ തന്നെ പറഞ്ഞതു പോലെ സ്ത്രീപക്ഷ സിനിമ എന്ന ആശയത്തിൽ നിന്ന് പോലും സ്ത്രീവിരുദ്ധ സിനിമകൾ ഉണ്ടാകും.

1 comment:

pth said...

ബദൽ വായനക്കായൊരിടം പോലെ; പുസ്തകവായനപോലെ ചലച്ചിത്രവും തുടർവായനകളിൽ നൽകുന്ന പുനരാഖ്യാന സാധ്യതകളിലേക്കും എഴുത്ത് കൂട്ടികൊണ്ട് പോകുന്നപോലെ. കുമ്പളങ്ങി കാണുമ്പോൾ തോന്നിയിരുന്നു ഇവരിൽ (സഹോദരന്മാരിൽ) ഒരാളെങ്കിലും സ്വവർഗാനുരാഗി ആയിക്കൂടായ്കയില്ലല്ലോ, എന്നാൽ ഭിന്നവർഗാനുരാഗ സാധൂകരണം ഏതൊരു മലയാസിനിമയെ പോലെയും ഇവിടെയും പൊതുമാതൃകകളെ മാത്രം പിന്തുടരുന്നതായി. കുമ്പളങ്ങി, ഇഷ്‌ക് ഇവയുടെ ചരിത്രപരമായ സോദാഹരണസഹിത പുനർവായന ഉറപ്പായും വേറിട്ടതും രസകല്പിതവുമാണ്. ആശംസകൾ