Sunday, November 12, 2017

തൊണ്ടിമുതലും ദൃക്‌സാക്ഷിയും യൂണിഫോമും നമ്പരും


ഞാന്‍ ആരാണെന്ന് എന്നോട് ചോദിക്കണ്ട. ഞാന്‍ ആരായിരിക്കണമെന്ന് എന്നെ പഠിപ്പിക്കുകയും വേണ്ട. എന്റെ കടലാസുകളും രേഖകളും കരുതേണ്ടത് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും ഉത്തരവാദിത്തമാണ്- മിഷേല്‍ ഫൂക്കോ


ആധാറിന്റെ കാലമാണ്. മംഗലാപുരത്തെ നൈറ്റ് കടയില്‍ മാത്രമല്ല, ഇന്ത്യയിലെവിടെയും തിരിച്ചറിയല്‍ രേഖ ഒരു പ്രശ്‌നം തന്നെയാകും. മംഗലാപുരത്തെ നൈറ്റ് കടയില്‍ ഒരുകിലോ മൈദ കൊണ്ട് 60 പൊറോട്ട വരെ അടിച്ചിരുന്നവന് അതിര്‍ത്തി കടന്ന് കാസര്‍കോഡെത്തി ഒരു സ്‌റ്റേറ്റ് ബസില്‍ തൊട്ടുമുന്നിലിരിക്കുന്ന സ്ത്രീയുടെ താലിച്ചരട് പൊട്ടിക്കേണ്ടി വരുന്നത് തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന സിനിമയിലെ ഒറ്റപ്പെട്ട കാഴ്ചയാവില്ലെന്ന് സാരം. സിനിമയിലെ അടുത്ത സീന്‍ പോലീസ് സ്‌റ്റേഷനാണ്. മോഷണം കഴിഞ്ഞ്, ഒരൊറ്റ കട്ടിനു ശേഷമുള്ള നീണ്ട ഒറ്റഷോട്ട് പ്രവേശത്തിലൂടെ തിരിച്ചറിയല്‍ രേഖയും പോലീസും തമ്മിലുള്ള പൊക്കിള്‍കൊടി ബന്ധത്തിലേക്കാണ് സിനിമ കടക്കുന്നത്. പ്രസാദും ശ്രീജയും മോഷണത്തിന്റെ ഇരകളാണ്. ഷീജയുടെ മാല മോഷ്ടിക്കപ്പെട്ടു. പ്രസാദിന്റെ പേരും. മോഷ്ടിച്ചത് ഒരാള്‍. അയാളെ കള്ളനെന്ന് വിളിക്കാന്‍ കഴിയില്ല. കള്ളനെന്ന വിളിയില്‍ ഒരു കള്ളത്തരമുണ്ട്. അയാള്‍ തസ്‌കരനാണ്. വെറുമൊരു തസ്‌കരന്‍ (വെറുമൊരു തസ്‌കരനാമീ എന്നെ കള്ളനെന്ന് വിളിച്ചില്ലേ... നീ കള്ളനെന്ന് വിളിച്ചില്ലേ എന്ന മട്ട്). ആ ബസിലുണ്ടായിരുന്ന മറ്റുള്ളവരെല്ലാം അബദ്ധത്തില്‍ പോലും തിരിച്ചറിയല്‍ കാര്‍ഡ് മറന്നുവെച്ചവരല്ല. എല്ലാവരുടെയും ഐഡന്റിറ്റി തെളിവു സഹിതമുണ്ട്. പക്ഷെ തസ്‌കരന് മാത്രം തിരിച്ചറിയല്‍ കാര്‍ഡില്ല. അതുകൊണ്ട് അവന് പേരില്ല, വിലാസമില്ല, വയസ്സും അവനുമാത്രമായുള്ള നമ്പരുമില്ല. അവന്‍ പള്ളുരുത്തിക്കാരനായാലും ചാവക്കാടുകാരനായാലും പോലീസിന് പ്രശ്‌നല്ല. കാരണം പോലീസിന് വേണ്ടത് തിരിച്ചറിയല്‍ കാര്‍ഡാണ്. ഒന്നുകില്‍ ഒരു വോട്ടര്‍ കാര്‍ഡ്, ലൈസന്‍സ്, പാസ്‌പോര്‍ട്ട്. ആധാറുണ്ടെങ്കില്‍ പിന്നെ മറ്റൊന്നും വേണ്ട. അവന്റെ പേര് പോലും ചോദിക്കില്ല. ഈ ലോകത്ത് അവനു മാത്രമുള്ള ഒരു പന്ത്രണ്ടക്ക നമ്പറില്‍ അവന്‍ അറിയപ്പെടും.

ദിലീഷ് പോത്തന്റെ രണ്ടാമത്തെ ചിത്രം ദുരൂഹത നിറഞ്ഞ ഒരു തസ്‌കരനെയും രണ്ട് പരാതിക്കാരെയും ഒരു പോലീസ് സ്‌റ്റേഷനിലെ പോലീസുകാരെയും ചുറ്റിപ്പറ്റിയുള്ള ഒരു ചെറുകഥ പോലത്തെ സിനിമയാണ്. കുടിയേറ്റമാണ് വിഷയം. സ്ഥലം കാസര്‍കോഡാണെങ്കിലും കുടിയേറിയവരാണ് എല്ലാവരും. പ്രസാദെന്ന പേര് സ്വീകരിച്ച തസ്‌കരനും തിരിച്ചറിയല്‍ കാര്‍ഡില്‍ തന്നെ പ്രസാദെന്ന് പേരുള്ള പ്രസാദും അയാളുടെ ഭാര്യയാണെന്നതു കൊണ്ടുമാത്രം തിരിച്ചറിയല്‍ രേഖകള്‍ ആവശ്യമില്ലാത്ത ശ്രീജയും വകുപ്പുതല നടപടി ഏറ്റുവാങ്ങി കാസര്‍കോഡെത്തിയ തിരുവനന്തപുരത്തുകാരന്‍ ASI ചന്ദ്രനും ഒക്കെ കുടിയേറ്റക്കാരാണ്. ഇവരുടെയൊക്കെ ഐഡന്റിറ്റി സിനിമ ചര്‍ച്ച ചെയ്തു പോകുന്നുണ്ട്. എന്നാല്‍ വായിച്ചെടുക്കേണ്ടത് തിരിച്ചറിയലും പോലീസിംഗും തമ്മിലുള്ള ബന്ധമാണ്. റിയലിസ്റ്റിക്കായ ഒരു സിനിമ ഒരുക്കിയപ്പോള്‍ അറിയാതെയെങ്കിലും കടന്നു കൂടിയ പോലീസിംഗിന്റെ യാഥാര്‍ത്ഥ്യം ഈ സിനിമയിലുണ്ട്.

സ്‌ക്രീനിലെ പോലീസിനെ മലയാളസിനിമ കാണിച്ചു തന്നിട്ടുള്ളത് ഏറെയും നിയതമായ അച്ചുകളിലുണ്ടാക്കിയാണ്. ആണധികാരത്തിന്റെ പൊയ്ക്കരുത്തുമായി നായകന്‍, അധികാരം ആഘോഷമാക്കുന്ന വില്ലന്‍, കീഴ്ജീവനക്കാരന്റെ യൂണിഫോമില്‍ വിഡ്ഢിവേഷം കെട്ടിയ തമാശക്കാര്‍, അങ്ങനെ പോകുന്നു. ഷെര്‍ലക്ക് ഹോംസ് കഥകള്‍ വായിച്ചു തുടങ്ങിയവര്‍ക്ക് പരിചിതമായ അന്വേഷണ വഴികളും സദാ രക്ഷകന്റെ വേഷത്തിലുള്ള, ആയുധധാരിയായ പോലീസ് നായകന്‍മാരും അരങ്ങുവാണിരുന്ന മുഖ്യധാരാ മലയാളസിനിമയിലേക്ക് ഇടയ്‌ക്കെങ്കിലും ചില വേറിട്ട പോലീസ് വേഷങ്ങള്‍ വന്നിട്ടുണ്ട്- ആക്ഷന്‍ ഹീറോ ബിജു അടക്കം. പക്ഷെ തൊണ്ടിമുതലിലെ പോലീസുകാര്‍ ഒന്നുമല്ലെങ്കിലും യഥാര്‍ത്ഥ പോലീസുകാര്‍ തന്നെയാണ്. അവര്‍ ജീവിതത്തിലും സ്‌ക്രീനിലും യൂണിഫോമിട്ടവരാണ്. ഇവിടെയാണ് നമ്മള്‍ രണ്ടു തരം പോലീസിനെ കാണുന്നത്. ഒന്ന് രക്ഷകനായ പോലീസുകാരന്‍, മറ്റൊന്ന് നിയമത്തിന്റെ ചട്ടക്കൂടിനുള്ളില്‍ അളന്നു മുറിച്ചു മാത്രം കാര്യങ്ങള്‍ ചെയ്യാന്‍ അധികാരമുള്ളവര്‍. ഒന്ന് ആയുധം ആഘോഷമാക്കുന്നവര്‍. മറ്റൊന്ന് ബുള്ളറ്റുകളുടെ ഓരോ മാഗസീനും കണക്കു കാണിക്കേണ്ടി വരുന്ന, കൈയിലെ തോക്കിന്റെ കാഞ്ചിയില്‍ അമര്‍ത്തേണ്ട വിരല്‍ തടയപ്പെട്ടവര്‍. ആദ്യത്തെ പോലീസുകാര്‍ (സിനിമാപോലീസുകാര്‍) കരുത്തിന്റെ അഹന്തയില്‍ ജീവിക്കുന്നവരാണ്. രണ്ടാമത്തെ പോലീസുകാര്‍ ചുവപ്പുനാടയിലെ അലസതയില്‍ ജീവിക്കുന്നവരും (ASI ചന്ദ്രനെപ്പോലുള്ളവര്‍). ഈ രണ്ടുതരം പോലീസ് സിനിമയില്‍ മാത്രമല്ല ഉള്ളത്. ആധുനിക പോലീസിന്റെ ചരിത്രം തുടങ്ങുന്നതു തന്നെ ഈ രണ്ട് തരങ്ങൾ തമ്മിലുള്ള സംഘര്‍ഷത്തിലാണ്.


പീലിയന്‍ തത്വങ്ങള്‍

പോലീസ് എന്ന സംവിധാനം നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ സൃഷ്ടിയാണ്. ഫ്രഞ്ച് വിപ്ലവത്തിനു ശേഷം 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, തന്റെ അധികാരത്തെ ചോദ്യം ചെയ്യാന്‍ രാജ്യത്തിനകത്തു നിന്ന് ഒരു നീക്കമുണ്ടാകരുതെന്ന തീരുമാനത്തില്‍ നെപ്പോളിയന്‍ ഒന്നാമന്‍ ഉണ്ടാക്കിയെടുത്ത മര്‍ദ്ദനോപകരണം. പട്ടാളത്തില്‍ നിന്ന് എന്ത് വ്യത്യാസമാണ് ഇതിനുള്ളതെന്ന ചോദ്യം അന്നുണ്ടായിരുന്നു. പട്ടാളത്തിന് നിയമമില്ല; യുദ്ധനീതിയേയുള്ളൂ. പോലീസ് നിയമം പാലിക്കാന്‍ വേണ്ടിയുള്ളതാണ്; നിയമപാലകര്‍. അന്ന് നെപ്പോളിയന്‍ നല്‍കിയ നിര്‍വചനമാണിത്. പക്ഷെ നിയമം, നെപ്പോളിയന്‍ നിര്‍മ്മിക്കുന്നതായിരുന്നു. നിയമം പാലിക്കാന്‍ പോലീസിനെ സായുധരാക്കി. നിയമമറിയാത്ത ഫ്രഞ്ച് ജനതയെ പോലീസ് പേടിപ്പിച്ച് പഠിപ്പിച്ചു. തല്ലി അനുസരിപ്പിച്ചു. ബ്രിട്ടീഷ് രാജകുമാരനെ വിവാഹം കഴിച്ച് ഇംഗ്ലണ്ടിലേക്കെത്തിയ ഒരു ഫ്രഞ്ച് രാജകുമാരിക്കൊപ്പം കടലുകടന്ന് ഇംഗ്ലീഷിലേക്കെത്തിയ എണ്ണിയാലൊടുങ്ങാത്ത ഫ്രഞ്ച് വാക്കുകളില്‍ പോലീസ് എന്ന വാക്കുമുണ്ടായിരുന്നു. അക്കാലത്തു തന്നെ 'ലണ്ടനിലും പോലീസായാലെന്താ' എന്ന തോന്നലുണ്ടായി. പക്ഷെ അപ്പോഴേക്കും പോലീസ് ജനങ്ങളുടെ പേടി സ്വപ്‌നമായിത്തീര്‍ന്നിരുന്നു. പോലീസ് വേണ്ടെന്ന ജനഹിതത്തിനു മുന്നില്‍ ഇതല്ല ശരിക്കും പോലീസിംഗ് എന്ന് പ്രഖ്യാപിച്ച് ഒരാള്‍ പോലീസിനു വേണ്ടി വാദിച്ചു. അന്ന് ഇംഗ്ലീഷ് ആഭ്യന്തര സെക്രട്ടറി ആയിരുന്ന സര്‍ റോബര്‍ട്ട് പീല്‍ 1829-ല്‍ പാര്‍ലമെന്റില്‍ ഒരു ബില്ല് അവതരിപ്പിച്ചു. മെട്രോപോലീറ്റന്‍ പോലീസ് ആക്ട്. അതില്‍ പോലീസ് എങ്ങനെയാകണമെന്നതിന് 9 തത്വങ്ങള്‍ പീല്‍ മുന്നോട്ടു വെച്ചു. പീലിയന്‍ തത്വങ്ങളുടെ സത്ത ഇങ്ങനെയാണ്. പോലീസ് എന്നാല്‍ കണ്ണടച്ചുള്ള നിയമപാലനമല്ല. പോലീസിന്റെ ഒരു നടപടിയും ജനഹിതത്തിന് വിരുദ്ധമാകരുത്. ജനങ്ങളെ ചര്‍ച്ചയിലൂടെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുക. എന്നിട്ടും അവര്‍ എതിര്‍ത്താല്‍ പോലീസ് വഴങ്ങിക്കൊടുക്കണം. ബലം പ്രയോഗിക്കാന്‍ അധികാരമുണ്ടെങ്കിലും അത് അങ്ങേയറ്റം നിയന്ത്രിതമായിരിക്കും. ചുരുക്കത്തില്‍ സാമൂഹ്യസേവനമാണ് പോലീസിന്റെ ധര്‍മ്മമെന്ന് വരെ പീല്‍ പറഞ്ഞുവെച്ചു. ഇതാണ് ആധുനിക പോലീസിംഗിന്റെ തുടക്കം. പക്ഷെ അപ്പോഴും നിയമമാണ് പോലീസിന്റെ ചട്ടക്കൂടെന്നും നിയമം സാഹചര്യങ്ങളോ സന്ദര്‍ഭമോ അനുസരിച്ച് മാറുന്നതല്ലെന്നും പീലിയൻ തത്വങ്ങൾ പറഞ്ഞുവെച്ചു.

മെട്രൊപോലീറ്റന്‍ പോലീസിന്റെ ചുവടുപിടിച്ചാണ് ഇന്ത്യ അടക്കമുള്ള കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ പോലീസ് രൂപപ്പെട്ടുവന്നത്. ചുരുക്കത്തില്‍ പീലിയന്‍ തത്വങ്ങളിലാണ് കേരള പോലീസ് പോലും അടിത്തറ കാണേണ്ടത്. പക്ഷെ പീലിയന്‍ തത്വങ്ങള്‍ പോലീസിനെതിരെ അന്ന് ഇംഗ്ലണ്ടിലുണ്ടായ എതിര്‍പ്പ് മറികടക്കാന്‍ ഉണ്ടാക്കിയ ഒരു ഉട്ടോപ്യന്‍ പ്രവര്‍ത്തനരേഖ മാത്രമായിരുന്നു. ഫ്രാന്‍സില്‍ നിന്ന് കടല്‍ കടന്നെത്തിയ പോലീസ് നെപ്പോളിയനും റോബര്‍ട്ട് പീലിനുമിടയില്‍ പെട്ടു പോയി. ആ അസ്ഥിത്വപ്രതിസന്ധി കേരള പോലീസിനുമുള്ളതായി സൂക്ഷിച്ചുനോക്കിയാല്‍ കാണാം. ജനവും പോലീസിംഗും തമ്മിലുള്ള സംഘര്‍ഷം അവിടെ തുടങ്ങുന്നതാണ്. 

പോലീസും തടവറയും; യൂണിഫോമും നമ്പരും

റോബര്‍ട്ട് പീലിന്റെ പോലീസിംഗ് സങ്കല്‍പ്പനം മാതൃകാപരമാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. എന്നാല്‍ പോലീസിനെ ഒരു ഭരണകൂട മര്‍ദ്ദനോപകരണം എന്ന നിലയില്‍ നിന്ന് മാറ്റി പ്രത്യയശാസ്ത്ര ഉപകരണമാക്കുന്നതായിരുന്നു പീലിയന്‍ തത്വങ്ങള്‍. പോലീസിംഗ് എന്ന സംവിധാനത്തിനു തന്നെയുള്ള മര്‍ദ്ദകസ്വഭാവം എല്ലായിടത്തും മുഴച്ചുവരികയും ചെയ്തു. അച്ചടക്കവും ശിക്ഷയും (Discipline and Punish) എന്ന പുസ്തകത്തിലെ തടവറയുടെ ചരിത്രം എന്ന ലേഖനത്തില്‍ ഫ്രഞ്ച് ചിന്തകന്‍ മിഷേല്‍ ഫൂക്കോ പോലീസിംഗിന്റെ ഈ ദ്വന്ദ്വസ്വത്വത്തെ കുറിച്ച് പറയുന്നുണ്ട്. പോലീസും തടവറയും പരസ്പരസ്ഥായിയാണ്. ഒരു സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുന്ന നിയമം പാലിക്കാന്‍ തയ്യാറാകാത്തവരെ തടവറയിലെത്തിക്കുക എന്നതാണ് പോലീസിന്റെ ദൗത്യം. തടവറയ്ക്കുള്ളിലും പോലീസുണ്ട്. അവര്‍ നിയമം പാലിക്കാത്തവരെ അച്ചടക്കം പഠിപ്പിക്കും. ഫൂക്കോ പറയുന്നത് തടവറയ്ക്ക് പുറത്തും തടവറയാണെന്നാണ്. സമൂഹം ഒരു വലിയ ജയിലാണ്. അവിടെയുമുണ്ട് നിയമം പാലിക്കാത്തവര്‍. പാലിക്കാനറിയാത്തവരോ കൂട്ടാക്കാത്തവരോ ആകട്ടെ. അവരെ തടവറയിലേക്കുള്ള വഴി കാണിച്ച്, കൈയിലെ ആയുധം കാണിച്ച് പോലീസ് പേടിപ്പെടുത്തും. ഭയപ്പെടുത്തി അനുസരിപ്പിക്കും.അച്ചടക്കം പഠിപ്പിക്കല്‍ തടവറയ്ക്ക് പുറത്തും നടക്കുന്നുണ്ട്. തടവറയ്ക്കകത്ത് പോലീസ് മാത്രമാണ് അച്ചടക്കം പഠിപ്പിക്കുന്നത്. പുറത്ത് അതിന് പോലീസ് മാത്രമല്ല, സ്‌കൂളുണ്ട്, സര്‍ക്കാര്‍ സ്ഥാപനങ്ങളുണ്ട്, സാമ്പത്തിക കേന്ദ്രങ്ങളുണ്ട്, വിപണികളുണ്ട്. ഇവരൊക്കെ ചേര്‍ന്ന് നിങ്ങളെ വരിയില്‍ നിര്‍ത്തും, യൂണിഫോം ഇടീപ്പിക്കും, പേരിനു പകരം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി അതിലെ നമ്പരില്‍ നിങ്ങളെ അഭിസംബോധന ചെയ്യും. ജയിലിനകത്ത് യൂണിഫോമും നമ്പരും തരുന്നതു പോലെ, പുറത്ത് നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡും യുഐഡി നമ്പരും തരും. അച്ചടക്കത്തോടെ ജീവിക്കാനുള്ള കല്‍പ്പനയാണത്. അതിന് കാവലാണ് പോലീസ്. അതായത് ജയിലിനു പുറത്തും നിങ്ങള്‍ തടവിലാണ്. തസ്‌കരനും പരാതിക്കാരനും പോലീസുകാരും തടവിലാണ്. അവര്‍ക്കൊക്കെ നമ്പരും യൂണിഫോമും ഉണ്ട്. ചുരുക്കത്തില്‍ പോലീസുകാരും പോലീസിംഗിന്റെ ഇരകളാണ്. അതുകൊണ്ടാണ് തസ്‌കരനും പ്രസാദും ശ്രീജയും ASI ചന്ദ്രനും ഒക്കെ ഒരേപോലെ പോലീസിംഗിന്റെ ഇരകളായി മാറുന്നത്. നമ്പരും യൂണിഫോമും പേരുമില്ലാത്ത തസ്‌കരന്‍ നിയമം അനുസരിക്കാന്‍ കൂട്ടാക്കാത്തവനാണ്. അവനെ തല്ലും. ആ തല്ല് കണ്ട് മറ്റുള്ളവര്‍ പേടിക്കും. പ്രസാദും ശ്രീജയും മാല തന്നെ വേണ്ടെന്നുറപ്പിച്ച് മടങ്ങുന്നതു പോലും ആ പേടി കാരണമാണ്. പിന്നീട് ASI ചന്ദ്രനെ രക്ഷിക്കാന്‍ കള്ളമൊഴി കൊടുക്കാനായി അവര്‍ തയ്യാറാകുന്നതും ആ പേടിയുടെ ഭാഗമാണ്. 

പേടിയില്ലാത്തിടത്ത് അച്ചടക്കമില്ലെന്നും അച്ചടക്കമില്ലാത്തിടത്ത് കുറ്റമുണ്ടെന്നുമുള്ള നെപ്പോളിയന്റെ സിദ്ധാന്തം രണ്ട് നൂറ്റാണ്ടുകള്‍ക്കിപ്പുറം ഇപ്പോഴുമുണ്ട്. പാരീസിനെ ഭരിച്ചിരുന്ന ആ സിദ്ധാന്തം കാതങ്ങള്‍ക്കിപ്പുറം കേരളത്തിലുമുണ്ട്.അതുകൊണ്ടാണ് പുതുവൈപ്പ് IOC പ്ലാന്റിനെതിരെ സമരം ചെയ്തവര്‍ കുറ്റവാളികളാകുന്നത്. അവരെ പോലീസ് തെരുവിലിട്ട് പൊതിരെ തല്ലുന്നത്. അവര്‍ തീവ്രവാദികളാണെന്ന് നമ്മുടെ സംസ്ഥാന പോലീസ് മേധാവി തന്നെ തിട്ടൂരമിടുന്നത്. ഏത് പ്രതിരോധവും വരി തെറ്റിച്ചാണ് വരുന്നത്. അച്ചടക്കത്തെ അത് തച്ചുടയ്ക്കും. അതോടെ അവരുടെ യൂണിഫോമും നമ്പരും പോലീസ് റദ്ദ് ചെയ്യും. പിന്നെ ജയിലിലെ പുതിയ യൂണിഫോമും പുതിയ നമ്പരുമാണ്. നമ്പരും യൂണിഫോമും ഇല്ലാത്തവര്‍ക്ക് ഇത്തരത്തില്‍ പുതിയ യൂണിഫോമും പുതിയ നമ്പരും നല്‍കാന്‍ എളുപ്പമാണ്. പുതുവൈപ്പുകാരെ എളുപ്പത്തില്‍ തീവ്രവാദികളാകുന്നത് അങ്ങനെയാണ്. മംഗലാപുരത്തെ നൈറ്റ് കടയില്‍ തസ്‌കരനൊപ്പമുണ്ടായിരുന്ന ഒരാളെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ പോലീസ് കൊണ്ടുപോയിട്ട് പിന്നെയെവിടെയെന്നറിയില്ല. തസ്‌കരന്റെ മനസിലുള്ള ഒരു വേദനയാണത്. നിനക്കൊക്കെ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിത്തരലാണോടാ പോലീസിന്റെ ജോലി എന്ന മറുപടിയില്‍ ഒരു സാമാന്യവത്കരണമുണ്ട്. മേരാ ആധാര്‍, മേരീ പെഹ്ചാന്‍ (എന്റെ ആധാര്‍, എന്റെ സ്വത്വം) എന്ന നരേന്ദ്രമോദിയുടെ പരസ്യവാചകത്തിലേക്കുള്ള സാമാന്യവത്കരണം. പോലീസിംഗ് ഇതടക്കമുള്ള ദുരൂഹമായ സാമാന്യവത്കരണത്തിന്റെ കാവലാണ്.

ദിലീഷ് പോത്തനും നൂറി സെയ്‌ലനും

ഒരു കുറ്റത്തെ ശിക്ഷയിലേക്ക് എത്തിക്കുന്നതിന് പോലീസ് നടത്തുന്ന യാത്ര ഫൂക്കോ പറയുന്നതു പോലെ സ്വാതന്ത്ര്യത്തില്‍ നിന്ന് തടവറയിലേക്കുള്ള യാത്രയാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഒരു കുറ്റാന്വേഷണകഥയാകുന്നത് ഇവിടെയാണ്. സിനിമയുടെ തുടക്കത്തില്‍ ഒരു കുറ്റം നടക്കുന്നു. അത് തെളിയിക്കപ്പെടേണ്ടതുണ്ട്. കുറ്റം ചെയ്തയാളെ ശിക്ഷിക്കേണ്ടതുണ്ട്. തസ്‌കരന്‍ മോഷ്ടിച്ചിട്ടുണ്ട്. അത് അവന്റെ ശരിയാണ്. ശ്രീജയുടെ മാല മോഷണം പോയിട്ടുണ്ട്, അത് കക്കുന്നത് അവള്‍ കണ്ടിട്ടുണ്ട്. മാലയുണ്ടാക്കുന്ന നഷ്ടവും കേസിന്റെ നൂലാമാലകള്‍ ഉണ്ടാക്കുന്ന പൊല്ലാപ്പും അനുഭവിക്കുന്നതിന്റെ സമ്മര്‍ദ്ദത്തിലാണ് പ്രസാദ്. അയാള്‍ക്ക് മാല തിരിച്ചുകിട്ടുന്നതിനപ്പുറം മറ്റൊന്നും വേണമെന്നില്ല. മാല തസ്‌കരന്റെ ഉദരത്തിലുണ്ടെന്നാണ് എക്‌സ്‌റേ പറയുന്നത്. പക്ഷെ അത് ശ്രീജയുടെ മാല തന്നെയാണോ എന്നതിന് തെളിവില്ലെന്ന് പോലീസും പറയുന്നു. സംഭവങ്ങള്‍ മാറുന്നില്ല. പക്ഷെ ചന്ദ്രന്‍ പോലീസ് രണ്ട് കഥ പറയുന്നുണ്ട്. ഒന്നില്‍ തസ്‌കരനെതിരെ തെളിവില്ല. രണ്ടാമത്തേതില്‍ തസ്‌കരനെതിരെ കൊള്ളയ്ക്ക് കേസെടുക്കാനുള്ള തെളിവുണ്ട്. തെളിവ് സംഭവങ്ങളിലല്ല. വ്യാഖ്യാനത്തിലാണ്. ഒരു തുര്‍ക്കി ചിത്രം കൂടി ഈ ഘട്ടത്തില്‍ സൂചിപ്പിക്കേണ്ടതുണ്ട്.

ദിലീഷ് പോത്തന്‍ എന്ന സംവിധായകനുമായി ഏറെ സമാനതകളുള്ള ഒരാളാണ് തുര്‍ക്കി സംവിധായകനായ നൂറി ബില്‍ഗെ സെയ്‌ലന്‍. ദിലീഷിനെ പോലെ അയാളും നല്ല ഒരു നടനാണ്, നാടകപ്രവര്‍ത്തകനാണ്, യഥാതഥമായി സിനിമ ചെയ്യുന്നയാളാണ്. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ചേര്‍ന്നാണ് സെയ്‌ലനും സിനിമയുണ്ടാക്കുന്നത്. സെയ്‌ലന്റെ 2010-ല്‍ ഇറങ്ങിയ ഒരു സിനിമയുണ്ട്. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനത്തോളിയ. കാനില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടിയ ചിത്രം. മൂന്നു പോലീസുകാരും ഒരു കമ്മീഷണറും ഒരു പോലീസ് സര്‍ജനും ഒരു പ്രോസിക്യൂട്ടറും ചേര്‍ന്ന് ഒരു കൊലക്കേസ് പ്രതിയെയും കൊണ്ട് രാത്രിയില്‍ തെളിവെടുപ്പിനിറങ്ങുന്നതാണ് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനത്തോളിയ. കൊലനടത്തുമ്പോള്‍ പ്രതി മദ്യപിച്ചിരുന്നു. കൂട്ടുപ്രതിയായ അയാളുടെ സഹോദരന്‍ മാനസിക വളര്‍ച്ചയില്ലാത്തവനാണ്. പോരാത്തതിന് അനത്തോളിയയിലെ നഗരപ്രാന്തത്തിലുള്ള വലിയ മലമടക്കുകളിലാണ് തെളിവെടുപ്പിനിറങ്ങുന്നത്. മൃതദേഹം എവിടെ കുഴിച്ചിട്ടുവെന്ന് പ്രതിക്ക് കണ്ടെത്താന്‍ കഴിയുന്നില്ല. കുറ്റം നടന്നുവെന്ന് ഏറ്റുപറഞ്ഞിട്ടുണ്ട് അയാള്‍. പക്ഷെ മൃതദേഹം കണ്ടെടുക്കുവോളം ആ യാത്ര തുടരണം. ദിലീഷ് പോത്തന്റെ സിനിമയില്‍ യാത്രയല്ല. മലവിസര്‍ജ്ജനത്തിനും മെഡിക്കല്‍ പരിശോധനയ്ക്കുമുള്ള കൊണ്ടുപോക്കാണ്. രണ്ടിലും കേസന്വേഷണത്തിന്റെ ഷെര്‍ലക്ക് ഹോംസ് രീതികളല്ല, മറിച്ച് പോലീസിന്റെ യാന്ത്രികതകളാണ് ഉപയോഗിക്കപ്പെടുന്നത്. കാരണം കുറ്റമല്ല തെളിയിക്കപ്പെടേണ്ടത്, അച്ചടക്കമില്ലായ്മയാണ്. അതിന് നിയമത്തിന്റെ കര്‍ക്കശമായ ചട്ടക്കൂടു വേണം. അതുവെച്ച് അളന്നാകും പ്രതിയെ കണ്ടെത്തുക. തൊണ്ടി മുതലിലും വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനത്തോളിയയിലും ആ അളവുകോല്‍ ഒരു ഘട്ടത്തില്‍ പോലീസിനെ തന്നെ പ്രതിയാക്കുന്നുണ്ട്. ദിലീഷിന്റെ സിനിമയില്‍ ASI ചന്ദ്രന്‍, സെയ്‌ലന്റെ സിനിമയില്‍ പ്രോസിക്യൂട്ടര്‍ നസ്‌റേത്ത്. പോലീസുകാരും പോലീസിംഗിന്റെ ഇരകളാകും.

തടവറയും സ്വാതന്ത്ര്യവും

തൊണ്ടിമുതലിലെ തസ്‌കരന്‍ കുറ്റമേറ്റു പറയാത്തത് തടവറയെ ഭയന്നിട്ടല്ല. അവന് നിയമമറിയാം, ജയിലറിയാം. പക്ഷെ അവസാനം വരെ വിട്ടുകൊടുക്കാതിരിക്കുന്നതിന്റെ ലഹരി അറിയണം അവന്. അത് പ്രതിരോധത്തിന്റെ സ്വഭാവമാണ്. തിരിച്ചറിയല്‍ രേഖ വേണമെന്നില്ല. അവന് സ്വാതന്ത്ര്യം മതി. തിരിച്ചറിയല്‍ രേഖയുണ്ടാകുന്നവര്‍ തടവറയ്ക്ക് പുറത്തുള്ള ജയിലിലാകുകയാണെന്ന് അവനറിയാം. അവന്റെ ഈ അറിവുകളാണ് അവനെ പോലീസിന്റെ ശത്രുവാക്കുന്നത്. അവന്‍ തന്റെ അറിവ് കൂടുതല്‍ പ്രകടമാക്കും തോറും പോലീസ് കൂടുതല്‍ മര്‍ദ്ദകരായി മാറുന്നത് സിനിമയില്‍ കാണാം. പ്രതിരോധത്തിന്റെ കരുത്തു കൂടുമ്പോള്‍ പോലീസിംഗ് കൂടുതല്‍ അക്രമാസക്തമാകും. അത് കാണാന്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും പ്രദര്‍ശിപ്പിക്കുന്ന തീയറ്റര്‍ വരെ പോകണമെന്നില്ല. പുതുവൈപ്പ് സമരക്കാര്‍ക്കു നേരെയും ജിഷ്ണുവിന്റെ അമ്മയ്ക്ക് നേരെയും നിലമ്പൂര്‍ കാടുകളില്‍ പനി പിടിച്ചു കിടന്ന മാവോയിസ്റ്റുകള്‍ക്ക് നേരെയും പോലീസ് നടത്തിയ അതിക്രമങ്ങള്‍ പ്രതിരോധത്തെ അടിച്ചമര്‍ത്താനുള്ള 1809ലെ നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ തിട്ടൂരം പിന്‍തുടരുന്നത് തന്നെയാണ്. അതുകൊണ്ടാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയായാലും സെന്‍കുമാറായാലും അതിനെ ന്യായീകരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനായാലും എ.കെ ആന്റണിയായാലും പോലീസിന്റെ മനോവീര്യത്തെ ബാധിക്കുന്ന വിമര്‍ശനങ്ങള്‍ പാടില്ലെന്ന് പത്രക്കുറിപ്പിറക്കുന്നത്. മുഖ്യമന്ത്രി മാറുന്നതു കൊണ്ടോ ഡിജിപി മാറുന്നതു കൊണ്ടോ, പോലീസ് മാറുന്നതു കൊണ്ടോ പോലീസിംഗ് മാറുന്നില്ല.
..............................

No comments: