Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Tuesday, April 17, 2012

മൈലാഞ്ചി

മൈലാഞ്ചി എഴുതുന്നത്
കൈവെള്ളയുടെ ആഴത്തിലാണ്,
കൈരേഖകളേക്കാള് താഴെ.
അതുകൊണ്ടാണ്
എത്ര മായ്ച്ചാലും മായാത്തത്.
ഒരിക്കല്‍ മൈലഞ്ചിയിട്ടാല്‍
നേര്‍ത്ത ചുവപ്പ്
രേഖയില്‍ എഴുതിയ വിധിയെക്കാള്‍
ആഴത്തില്‍ പതിഞ്ഞു കിടക്കുന്നത്.
മൈലാഞ്ചി ഇടുന്നത് സൂക്ഷിച്ചു വേണം.
മൈലാഞ്ചിക്കുഴമ്പ്‌ കൊണ്ട്
വരയ്ക്കുന്ന ചിത്രങ്ങള്‍ മയ്ക്കാനാവില്ല.
വരയ്ക്കുന്നതിനിടയില്‍ തെറ്റുന്നത്
തെറ്റുകളായി തന്നെ മായാതെ കിടക്കും.
ഒന്നുകൂടി,
ആദ്യം മുതല്‍ തുടങ്ങാമെന്ന് വെച്ചാല്‍
ആദ്യം വരച്ചത് വീണ്ടും വരയ്ക്കുന്നതിനെ
അലങ്കോലമാക്കും
മൈലാഞ്ചി ഇടുന്നത് സൂക്ഷിച്ചു വേണം.
മൈലാഞ്ചി നിങ്ങളുടെ ജീവിതത്തില്‍
ആഴത്തില്‍ പടരും.
.....

Sunday, March 1, 2009

നഗരം

ഒറ്റയായി നടക്കുന്നവര്‍ പോലും 
യന്ത്രത്തിന്‍റെ ചലനത്തിലാണ്.
കരിമരുന്നിന്‍റെ മണമുള്ള തെരുവുകളില്‍ പോലും
മുല്ലപ്പൂ തേടുന്നവരുടെ നഗരം.

രാത്രി സംഭോഗം.. പുലര്‍ച്ചെ ഉറക്കം
നട്ടുച്ചയ്ക്ക് വെയിലിന്‍റെ അളവറിഞ്ഞ്
ഒഴിവുദിവസം.
എട്ടു മണിക്കൂര്‍ തൊഴില്‍
എട്ടു മണിക്കൂര്‍ വിശ്രമം
എട്ടു മണിക്കൂര്‍ വിനോദം എന്ന്
ജീവിക്കാന്‍ നേരമില്ലാത്ത ദിവസങ്ങള്‍.

നടക്കുമ്പോള്‍ വഴിയരികില്‍ കുന്തിച്ചിരുന്ന്
കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുന്നവരെ നോക്കിയാല്‍
അന്ന് ഉച്ചയൂണു കഴിക്കാന്‍ മനസടുക്കില്ല.
ഒരു കോണ്‍ക്രീറ്റില്‍ നിന്ന് മറ്റൊരു കോണ്‍ക്രീറ്റിലേക്ക്
ഒരു ദിവസത്തില്‍ നിന്ന് മറ്റൊരു ദിവസത്തിലേക്ക്.

ഇതിനിടയില്‍ എപ്പോഴോ കണ്ട 
മഴവില്ലോ ചാരക്കാക്കയോ ഓര്‍മ്മയിലില്ല
പിന്നെയല്ലേ ആഴ്ച്ചയ്ക്കാഴ്ച്ച 
നിനക്കയക്കാമെന്ന് വാക്കുതന്ന കത്തുകള്‍.

Wednesday, February 4, 2009

വേനല്‍

ഇലയനങ്ങാതെ ഒരു നൃത്തം നടക്കുന്നുണ്ട്

നിശബ്ദതയുടെ മുറിവ് പോലെ സംഗീതമുണ്ട്

കാട്ടിലിപ്പോഴും അരുവിയുണ്ട്

മരത്തിന്റെ കരിന്തോലിനടിയില്‍ ഹരിതകമുണ്ട്

ഒരു ചിത്രശലഭം ഇലക്കടിയില്‍ ഉറങ്ങുന്നുണ്ട്
ഒരു വാകവിത്ത് മണ്ണിനടിയില്‍ തപസ്സിലുണ്ട്
ഈ വെയില്‍ കണ്ടു ഭയക്കണ്ട

മഴവില്ലുണ്ടാകാന്‍ ഇനി ഒരു മഴ മാത്രം മതി

ഇലയനങ്ങുവോളം മനസിലൊരു പച്ച സൂക്ഷിച്ചാല്‍ മതി

വേനലടങ്ങുവോളം ഉള്ളുകൊണ്ടു നനഞ്ഞാല്‍ മതി

വിളക്കണച്ച് ഉറങ്ങൂ...

നാളെ വസന്തം വരും

Tuesday, April 8, 2008

കടല്‍

കൈക്കുമ്പിളില്‍ ഒരു കടലുണ്ട്
ഊതിയൂതി തിര വിതചിട്ടുണ്ട്
മഞ്ഞയിലും പച്ചയിലും ചുവപ്പിലും
മീനുകളെ വരച്ചിട്ടുണ്ട്
കരയില്‍
പഞ്ചാര മണല്‍ വിതറിയിട്ടുണ്ട്

ഇനി വേണ്ടത്
മുത്തു കോരാനൊരു മുക്കുവനെ
ആദ്യം വല നെയ്യണം.
കൊമ്പന്‍ സ്രാവുണ്ട് കടലില്‍.
പല്ലു കൊണ്ടു മുറിയാത്ത കുടുക്കുകള്‍
വലയില്‍ കെട്ടിയിടണം
വള്ളത്തിനു കീലടിക്കണം

കടലില്‍ രണ്ടു മുത്തുണ്ട്
ഒന്നു നിനക്ക്‌
ഒന്നെനിക്ക്.

വേഗം വേണം.
സ്വപ്നം കാണുന്ന കണ്ണില്‍
വേനല്‍ വന്നാല്‍
കൈവെള്ളയിലെ കടല്‍ വറ്റിപ്പോകും
....................